Crime
വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തെ അനുകൂലിച്ച് സുന്നി നേതാവ്

കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍. പരാതിക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടട്ടെ എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശമുണ്ടായത്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്.
പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചുന്നത്. ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
സത്താര്‍ പന്തല്ലൂറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. പരാതിക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടട്ടെ.
Consent ഉണ്ടെങ്കില്‍ ചിലര്‍ക്ക് എല്ലാമായല്ലൊ. അത് എന്താണെന്ന് കൃത്യമായി നിര്‍വചിക്കപ്പെടാത്ത കാലത്തോളം, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും ഒരു കണ്‍സെന്റായി കണക്കാക്കാം എന്ന വാദത്തിലും ന്യായം നിഴലിക്കുന്നുണ്ട്.
ആഭാസകരമായ വസ്ത്രം ധരിക്കുന്ന രീതികള്‍ പൊതു യിടങ്ങളില്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് അതെല്ലാം വസ്ത്ര സ്വാതന്ത്യത്തിന്‍റെ പട്ടികയില്‍പ്പെടുത്തി രക്ഷപ്പെടാവുന്നതല്ല. വസ്ത്രം ധരിക്കുന്നത് ശരീരം മറക്കുന്നതിനാണ്. അത് ശരീരം തുറന്നിടുന്നതിന് സമാനമാവരുത്. സ്ത്രീകള്‍ക്ക് തന്നെയാണ് അത് സുരക്ഷിത പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച കോടതി പരാമര്‍ശം സ്ത്രീ സമൂഹത്തില്‍ പോസിറ്റീവ് ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതിന് പകരം വനിതാ കമ്മീഷന്‍ പോലുള്ള സ്ത്രികള്‍ക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത് അത്ഭുതകരമാണ്.