Crime
ആറു മണി ക്കുറിന് ശേഷം ബിനീഷ് കോടിയേരിയെ വിട്ടയച്ചു വീണ്ടും ചോദ്യം ചെയ്യും

ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ബെംഗളുരു ഇഡി ഓഫീസിലാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി ചോദിച്ചത്.
രാവിലെ 11 മണിയോടെയാണ് ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ ബിനീഷ് ഹാജരായത്. അഭിഭാഷകനും സുഹൃത്തും ഒപ്പമുണ്ട്. ബിനീഷെത്തി അല്പസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിച്ചു. ബെംഗളുരു മയക്കുമരുന്ന് കേസിലെ ഹവാല പണമിടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.
വൈകുന്നേരം അഞ്ചു മണിയോടെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്കു വന്ന ബിനീഷ് കോടിയേരിക്ക് ചെറിയ രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിശ്രമിക്കാനുള്ള സ്ഥലത്ത് അല്‍പനേരം ഇരിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വാഹനത്തില്‍ കയറി പോയത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും തുടര്‍ന്നുള്ള ചോദ്യംചെയ്യലിന് ഇനിയും വിളിപ്പിച്ചേക്കുമെന്നുമാണ് വിവരം.
നേരത്തെ അനൂപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. 20 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഈ പണം വന്നിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം.