Crime
സിബിഐക്ക് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കേതിരെ ഇഡിയും

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ സിബിഐക്ക് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കേതിരെ ഇഡിയും അന്വേഷണം തുടങ്ങി. ഇന്നലെ കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധന നടത്തിയ സിബിഐ, സിസോദിയയുടെ വീട്ടില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. ഇതടക്കം കേസിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡി വൈകാതെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. ഇന്നലെ 14 മണിക്കൂറോളം വീട്ടില്‍ റെയ്ഡ് നടത്തിയ സിബിഐ, സിസോദിയയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.
വെള്ളിയാഴ്ച പതിനാല് മണിക്കൂറാണ് സിസോദിയുടെ വസതിയില്‍ സിബിഐ പരിശോധന നടത്തിയത്. പരിശോധനയില്‍ മദ്യനയത്തിലെ കരാര്‍ സംബന്ധിച്ച് രേഖകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖകള്‍ ലഭിച്ചതായി വിവരമില്ല. മദ്യനയം നടപ്പാക്കിയ കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള ആറ് മാസത്തെ സിസോദിയയുടെ ഇമെയില്‍ വിവരങ്ങള്‍ സിബിഐ ശേഖരിച്ചെന്നാണ് വിവരം. സിബിഐ കംപ്യൂട്ടറും, ഫോണും ചില ഫയലുകളും കൊണ്ടു പോയെന്നും യാതൊരു അഴിമതിയും ചെയ്തിട്ടില്ലെന്നതിനാല്‍ ഭയമില്ലെന്നുമാണ് പരിശോധനയെ കുറിച്ച് സിസോദിയ പ്രതികരിച്ചത്.
സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അര്‍ജുന്‍ പാണ്ഡെ എന്നിവര്‍ മദ്യ ലൈസന്‍സികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്കതിരെയാണ് സിബിഐ കേസ്. ഡല്‍ഹി ഏക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് അഞ്ചാം പ്രതി. തെലങ്കാനയില്‍ സ്ഥിരതാമസമാക്കിയ അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നില്‍ വിജയ് നായര്‍ ഉള്‍പ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികള്‍ക്കും ലൈസന്‍സ് കിട്ടാന്‍ അരുണ്‍ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവര്‍ക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.