Crime
കിട്ടിയോ.? എ.കെ.ജി സെന്റർ ആക്രമണം 50 ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാതെ പൊലീസ്

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം 50 ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പുരോഗതിയൊന്നും ഇല്ല. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലെത്തിയ ആള്‍ എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതി കണ്ടെത്താനായിരുന്നില്ല.പ്രത്യേക അന്വേഷണ സംഘം 23 ദിവസം കേസന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിട്ട് പ്രതികളെ കണ്ടെത്താനാകാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പ്രതിയെ പിടിച്ചാൽ അത് സി.പി.എമ്മിലേക്ക് തന്നെ എത്തുമെന്നതിനാലാണ് ആരെയും പിടികൂടാത്തത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അതേസമയം, എ.കെ.ജി സെന്റർ ആക്രമണം അൻപത് ദിവസം പിന്നിടുന്ന ഇന്ന് ദിനാചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പേജ്. എ.കെ.ജി സെന്റര്‍ ആക്രമണത്തിന്റെ ഓരോ ദിവസത്തെയും അപ്‌ഡേറ്റ് അറിയാനുള്ള പേജ് എന്നാണ് ഇവരുടെ പ്രഖ്യാപനം. ‘ഡെയിലി അപ്‌ഡേറ്റ്‌സ് എ.കെ.ജി സെന്റര്‍ കേസ്’ എന്ന പേജാണ് ദിനാചരണവും മീം മത്സരവും സംഘടിപ്പിച്ചിരിക്കുന്നത്.മീം മത്സരത്തില്‍ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര നിബന്ധനകളും നൽകിയിട്ടുണ്ട്. ആക്രമണത്തിലെ പ്രതികളെ കിട്ടാതായതോടെ വെെറലായ ‘കിട്ടിയോ’ മീമുകൾ ഈ പേജിലൂടെ പ്രസിദ്ധീകരിക്കാറുണ്ട്. പ്രതിയെ പിടിക്കുന്ന ദിവസം സമ്മാന വിതരണം നൽകുമെന്നും അവസാനം ‘കിട്ടിയില്ലെ’ന്ന് പറയരുതെന്നും പേജിലുണ്ട്.