Crime
മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം.ജാമ്യം റദ്ദാക്കിയ പ്രതികളില്‍ ഒമ്പതുപേർ ഒളിവില്‍
മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം.ജാമ്യം റദ്ദാക്കിയ പ്രതികളില്‍ ഒമ്പതുപേർ ഒളിവില്‍
കൊച്ചി .അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകന്‍. ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് മാത്രമാണ് വാദിച്ചതെന്നും കോടതിയില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ അനില്‍ കെ.മുഹമ്മദ് പ്രതികരിച്ചു.
വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതില്‍ ഇടപെടാന്‍ മണ്ണാര്‍ക്കാട് കോടതിക്ക് അധികാരമില്ല. ഇക്കാര്യമാണ് കോടതിയില്‍ വാദിച്ചത്. ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതിയില്‍നിന്ന് പ്രത്യാഘാതമുണ്ടാകുമെന്നോ ജഡ്ജിയുടെ ഫോട്ടോവെച്ച് വാര്‍ത്ത വരുമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന കോടതിയില്‍ എല്ലാവരുടെയും മുമ്പിലാണ് വാദം നടന്നതെന്നും ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിഭാഗം അഭിഭാഷകന്റെ വാദത്തിന് താന്‍ സാക്ഷിയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ പ്രതികരിച്ചു. ”വാദത്തിന്റെ സമയങ്ങളില്‍ ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ആളാണ്. അങ്ങനെയൊരു കാര്യം അദ്ദേഹം പറഞ്ഞു എന്നത് സത്യമാണ്. അത് കോടതിയുടെ ഉത്തരവില്‍ പരാമര്‍ശമായി വരുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല” അദ്ദേഹം പറഞ്ഞു.
മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് മണ്ണാര്‍ക്കാട് പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ പരാമര്‍ശമുണ്ടായത്. ജാമ്യം റദ്ദാക്കിയാല്‍ വിചാരണ കോടതി ജഡ്ജി ഹൈക്കോടതിയില്‍ അതിന് മറുപടി പറയേണ്ടിവരുമെന്നും മാധ്യമങ്ങളില്‍ ജഡ്ജിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞെന്നായിരുന്നു ഉത്തരവിലെ പരാമര്‍ശം.
അതേസമയം, കഴിഞ്ഞദിവസം ജാമ്യം റദ്ദാക്കിയ 12 പ്രതികളില്‍ ഒമ്പതുപേരും ഒളിവില്‍പോയിരിക്കുകയാണ്. ഇവരെ തേടി പോലീസ് സംഘം ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയില്‍ ഹാജരായ മൂന്ന് പ്രതികളെ കഴിഞ്ഞദിവസം തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.
