Crime
വിഴിഞ്ഞം പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍.കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരത്തിന്‍റെ ഏഴാം ദിനമായ ഇന്ന് കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ 100 വള്ളങ്ങളിലായി പൂന്തുറയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് മത്സ്യ തൊഴിലാളികള്‍ പുറപ്പെട്ടു.
സമരക്കാർ ബാരിക്കേഡുകൾ തകർത്ത് കവാടത്തിൽ പൂട്ട് തകർത്ത് അകത്തു കയറി. കടലിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വളയാനാണ് മത്സ്യ തൊഴിലാളികളുടെ തീരുമാനം. ചെറുവെട്ടുകാട്, വലിയതുറ, ചെറിയതുറ, പൂന്തുറ എന്നീ ഇടവകകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പുനരധിവാസം അടക്കമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് മത്സ്യ തൊഴിലാളികള്‍ സമരം കടുപ്പിക്കുന്നത്.
സമരം അവസാനിപ്പിക്കാനായി മന്ത്രി വി അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭ നടത്തിയ ചര്‍ച്ചയില്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാൽ തുറമുഖ നിര്‍മ്മാണം നിര്‍ത്തിച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നീ ആവശ്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവന്‍ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര വ്യക്തമാക്കി.
