KERALA
കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുള്‍പൊട്ടിയതായി സംശയം
കണ്ണൂര്‍/കോഴിക്കോട്: കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുള്‍പൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്.
മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം കരുവാരകുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചില്‍. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
