KERALA
തൊടുപുഴ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. കാണാതായവരില്‍ രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
ചിറ്റടിച്ചാല്‍ സോമന്റെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ആദിദേവ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ തങ്കമ്മ, ആദിദേവ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
തങ്കമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ മൂന്നിനും 3.30 നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്.