KERALA
തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ മരണം അഞ്ചായി

ഇടുക്കി: തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ മരണം 5 ആയി.കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചിറ്റടിച്ചാലിൽ സോമൻ (55)മാതാവ് തങ്കമ്മ (75), ഭാര്യ ഷിജി (48)മകൾ ഷിമ (25), ചെറുമകൻ ദേവാനന്ദ് (നാല്) എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എൻ ഡി ആർ എഫ് സംഘം കുടയത്തൂരിൽ രക്ഷാപ്രവർത്തനത്തിനെത്തുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. തൃശൂരിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.തെരച്ചിലിനായി പൊലീസ് നായ്‌ക്കളെ എത്തിക്കും.ഇടുക്കി എംപി ഡീൻ കുര്യാക്കോസും എസ് പിയും അടക്കമുള്ളവർ കുടയത്തൂരിലെത്തി. മന്ത്രി റോഷി അഗസ്റ്റിനും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടയത്തൂർ സ്‌കൂളിലേക്കായിരിക്കും മാറ്റുക. കുടയത്തൂർ കവലയ്‌ക്ക് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴയായിരുന്നു.