KERALA
മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി. അതാണ് നിലവിലെ സാഹചര്യം. സർക്കാറിനെ ഇരുത്തി പൊരിച്ച് ഹൈക്കോടതി

കൊച്ചി: ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. റോഡില്‍ ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്?. റോഡിലെ കുഴി അടയ്ക്കാന്‍ ഇനി എത്രപേര്‍ മരിക്കണം? ഇത്തരം അപകടങ്ങൾ ഭയപ്പെടുത്തുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
രണ്ടുമാസത്തിനുള്ളില്‍ റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചുവെന്ന് അറിയാമോ? റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ നമുക്ക് എന്തിനാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാർ. കളക്ടര്‍ കണ്ണും കാതും തുറന്ന് നില്‍ക്കണം.എന്തു പണിയാണ് പൊതുമരാമത്തു വകുപ്പിലെ എഞ്ചിനീയര്‍മാര്‍ ചെയ്യുന്നത്. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ എഞ്ചിനീയര്‍ ആരായിരുന്നു?. ആ എഞ്ചിനീയര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി. അതാണ് നിലവിലെ സാഹചര്യമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മൃഗങ്ങളെ കൊല്ലുന്നതിനോട് അനുകൂലമല്ല. പക്ഷേ പട്ടികടി പ്രശ്നത്തിന് പരിഹാരമുണ്ടാകണം. കോര്‍പ്പറേഷന്റെ ലാഘവം വെള്ളക്കെട്ടിന് കാരണമാകുന്നു. കോര്‍പ്പറേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാകണം. അഴുക്കുചാലുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.