Connect with us

Crime

നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി.എം എൽ എ മൂവാറ്റുപുഴയിലെ വീട്ടിൽ തിരിച്ചെത്തി

Published

on

കൊച്ചി: പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എം എൽ എ മൂവാറ്റുപുഴയിലെ വീട്ടിൽ തിരിച്ചെത്തി. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് എം എൽ എ പ്രതികരിച്ചു.
‘സംസ്ഥാനം വിട്ടുപോയിട്ടില്ല. എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കുറ്റം ആർക്കെതിരെയും ആരോപിക്കാം. ഒരു കുറ്റവും ചെയ്‌തിട്ടില്ല. ഞാൻ ഇന്നുവരെ ഒരു ജീവിയേയും ഉപദ്രവിക്കാത്ത ആളാണ്. അതിന് ശക്തിയുള്ള ആളല്ല ഞാൻ. കെ സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. പാർട്ടിയോട് പറയേണ്ട കാര്യങ്ങൾ പാർട്ടിയോട് പറഞ്ഞിട്ടുണ്ട്.’- എം എൽ എ പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിക്ക് ഇന്നലെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എം എൽ എ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഒക്‌ടോബർ 22 മുതൽ അടുത്ത മാസം ഒന്നാം തീയതി വരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദേശം.മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും സാദ്ധ്യതയുണ്ട്. കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് യുവതി ഇന്നലെ പ്രതികരിച്ചിരുന്നു. എൽദോസിന് ജാമ്യം കിട്ടിയതിൽ സങ്കടമുണ്ടെങ്കിലും പിന്മാറുന്ന പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.അതേസമയം, എം എൽ എയ്‌ക്കെതിരായ നടപടിയിൽ കെ പി സി സി തീരുമാനം ഇന്നുണ്ടായേക്കും. താൻ നിരപരാധിയാണെന്ന് കാണിച്ച് അദ്ദേഹം നേരത്തെ പാർട്ടിയ്‌ക്ക് വിശദീകരണം നൽകിയിരുന്നു.

Continue Reading