Crime
സഖാക്കളുണ്ടോ ജോലിയുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയറുടെ കത്ത്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകളിൽ നിന്ന് ലീക്ക് ആവുകയായിരുന്നു
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നു. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.