Crime
ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്‌മ.ഗ്രീഷ്‌മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ തെളിവെടുപ്പിനായി മുഖ്യപ്രതി ഗ്രീഷ്‌മയെ രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി ഗ്രീഷ്‌മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി എത്തിച്ചേർന്നിരിക്കുകയാണ്.
അതേസമയം, ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ആസൂത്രണം ചെയ്തതെന്ന് കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പലവതണ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും ഗ്രീഷ്‌മ മൊഴിനൽകി. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്‌മ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകാറുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള ജ്യൂസ് ഗ്രീഷ്‌മ തന്നെ കൈയിൽ കരുതും. ഇതിൽ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നൽകാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷാരോണിന്റെ മരണത്തിൽ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഷാരോണിന്റെ മരണമൊഴിയിൽ പറഞ്ഞിരുന്നില്ല. ഷാരോണിന് കഷായവും ജ്യൂസും നൽകിയതിന്റെ കൂടുതൽ തെളിവുകൾ ഗ്രീഷ്‌മയുടെ വീട്ടിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.