Connect with us

KERALA

അഭിമാനത്തോടെ ജയിലിൽ പോകുമെന്നു പറഞ്ഞ ഭാഗ്യലക്ഷ്മിയും സംഘവും ഒളിവിൽ

Published

on

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്‌ത കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് ജാമ്യം നിഷേധിച്ചിട്ടും പിടികൂടാനാകാതെ പൊലീസ്. അഡിഷണൽ സെഷൻസ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. മൂവരേയും അറസ്റ്റ് ചെയ്യാനായി വീടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

പൊലീസ് നടപടി മുൻകൂട്ടി അറിഞ്ഞ് ഒളിവിൽ പോയതാകാം എന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ പൊലീസിന് അറസ്റ്റ്, റിമാൻഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഭവനഭേദനം, മോഷണം എന്നി വകുപ്പുകൾ ചുമത്തിയാണ് തമ്പാനൂർ പൊലീസ് മൂന്ന് പേർ‌ക്കും എതിരെ കേസെടുത്തിരിക്കുന്നത്.
മൂന്നു പേർക്കും എതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല, ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്‌തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിക്കുണ്ടെന്നും അതിൽ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു. സെ‌പ്‌തംബർ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ കരി ഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്.

Continue Reading