Crime
സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം.ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്താണ് പുറത്തായത്

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം.പാര്‍ട്ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് 2021 ജൂലായ് 21-ന് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്താണ് പുറത്തായത്.
തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ മൂന്ന് പ്രധാന തസ്തികകളില്‍ നിയമനം നടത്തണമെന്നാണ് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെര്‍ക്കന്റയില്‍ സഹകരണ സംഘം സെക്രട്ടറി ബാബു ജാനാണ് കത്തയച്ചത്. സഖാവേ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്.
സഖാവേ, തിരുവനന്തപുരം ജില്ലാ മെര്‍ക്കന്റയില്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലാര്‍ക്ക് വിഭാഗത്തില്‍ മഞ്ജു വി.എസിനെയും കിരണ്‍ ജെ.എസിനെയും ഡ്രൈവര്‍ വിഭാഗത്തില്‍ ഷിബിന്‍രാജ് ആര്‍.എസിനെയും നിയമിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. അറ്റന്‍ഡര്‍ വിഭാഗത്തിലേക്കായി ഇപ്പോള്‍ നിയമനം നടത്തേണ്ടതില്ലെന്നും കത്തില്‍ പറയുന്നു.
2021-ല്‍ നല്‍കിയ ഈ ശുപാര്‍ശക്കത്തില്‍ പറയുന്ന മൂന്നു പേരും അതതു തസ്തികകളില്‍ നിലവില്‍ മെര്‍ക്കന്റയില്‍ സഹകരണ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത് എന്നിരിക്കേ, ജില്ലാ സെക്രട്ടറി അയച്ച കത്തില്‍ നിയമനം നടത്തിയത് വിവാദമായിരിക്കുകയാണ്..കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടിയുടെ പട്ടിക തേടി ആനാവൂര്‍ നാഗപ്പന് നേരത്തെ മേയറുടെ പേരില്‍ വന്ന കത്തിന്റെ അന്വേഷണത്തിനിടെയാണ് പുതിയ വിവാദം.