Crime
പ്രധാനമന്ത്രിയുടെ പ്രചാരണത്തിനിടെ ഡ്രോൺ പറത്തിയ മൂന്നുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോൺ പറത്തിയ മൂന്നുപേർ അറസ്റ്റിൽ. നികുൽ രമേഷ്ഭായ് പാർമർ, രാകേഷ് കലുഭായ് ഭർവാദ്, രാജേഷ് കുമാർ മംഗിലാൽ പ്രജാപതി എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. നിരോധിത മേഖല മറികടന്ന് ഡ്രോൺ ഉപയോഗിച്ച് വീഡിയോ എടുത്തതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചു.ഗുജറാത്തിലെ ബാവ്ലയിൽ വെച്ചാണ് സംഭവം.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നേരിട്ട് റാലികൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഡ്രോൺ പറക്കുകയായിരുന്നു. പരിപാടിയിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ഇവർക്ക് ധാരണയില്ലാത്തതിനാലാണ് ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.