KERALA
വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാൻ കഴിയുന്നത്ര ശ്രമിച്ചു.തുറമുഖത്തിന്‍റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാന്‍ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. തുറമുഖം എന്തായാലും വരും ഇത് സർക്കാരിന്‍റെ ഉറപ്പാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീർ വീഴാൻ സർക്കാർ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.ഇതിലും വലിയ തടസങ്ങൾ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയിൽ ദേശീയ പാത തടസങ്ങൾ മാറിയതെന്നും മന്ത്രി അബ്ദുറഹിമാൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സെമിനാർ ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പരിപാടി ഒഴിവാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഓൺലൈൻ ആയി പോലും മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്നത് ശ്രദ്ധേയാണ്
