Crime
വിമോചന സമരം നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം :വിമോചന സമരം നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മന്ത്രി ആന്റണി രാജു. വിഴിഞ്ഞം സമരത്തെ പിന്തുണക്കുന്ന പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് മന്ത്രി പറഞ്ഞു. വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതണ്ടയെന്നും മന്ത്രി പറഞ്ഞു.തുടര്‍ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വം ശ്രമിക്കുകയാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ സഹോദരന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് ബോധപൂര്‍വ്വം വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കണം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്.മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞതാണ്. മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിന് അറിയില്ല. അന്ന് നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ സംതൃപ്തരായിട്ടാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസ് ക്ഷമ പറഞ്ഞത് അത്രയും നല്ലത്. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങള്‍. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. മണിക്കൂറുകള്‍ ചര്‍ച്ചയ്ക്ക് വേണ്ടി മന്ത്രിമാര്‍ കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും ചര്‍ച്ചയ്ക്ക് വരാത്തത് ആരാണെന്നും മന്ത്രി ചോദിച്ചു.
