Crime
വീണ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാവില്ല.ആരോഗ്യകാരണങ്ങളാൽ അവധി അനുവദിക്കണണെന്നു അപേക്ഷിച്ചു
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വജയന്റെ മകൾ വീണ.ടി നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാവില്ല. ആരോഗ്യകാരണങ്ങൾ കൊണ്ട് നാളെ ഹാജരാവാനാവില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണണെന്നും വീണ ഇ.ഡിയെ ഇമെയിൽ വഴി അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിൽ നാളെ ഹാജരാവാണ് വീണയോട് ആവശ്യപ്പെട്ടിരുന്നത്. അവധി അപേക്ഷയിൽ ഇ.ഡിയുടെ തീരുമാനം ഇന്ന് വീണയെ അറിയിക്കും. ആരോഗ്യപ്രശ്‌നങ്ങൾ കാണിച്ചുള്ള അവധി അപേക്ഷകൾ ഇ.ഡി പരിഗണിക്കാറുണ്ട്. അങ്ങനെയെങ്കിൽ അടുത്തയാഴ്ച ഹാജരാവാനാണ് നിർദേശിക്കുക. ഒരു ദിവസം അവധി അനുവദിച്ചാലും മറ്റൊരു ദിവസം നേരിട്ട് ഹാജരാവണമെന്നാണ് വ്യവസ്ഥ.
സിഎംആർഎല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ എക്‌സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവർ ഇന്ത്യയിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യൽ.
സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, കുടുംബാംഗങ്ങൾ, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ തുടങ്ങിയ 9 പേർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടത്.
