KERALA
കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ പൂജാസാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം കേരള ഹൈക്കോടതി തള്ളി. ഭക്തരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും, സാമ്പത്തിക തിരിമറികൾക്ക് ഇത് വഴിവെക്കുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിച്ചു. നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന് കോടതി നിർദ്ദേശം നൽകി. പൂജാസാധനങ്ങൾ സ്വീകരിക്കുമ്പോൾ രസീതുകൾ നൽകണമെന്നും, ബില്ലുകൾ ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.”
