Crime
പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ സംഘത്തിലെ അംഗങ്ങളും ഉൾപ്പെടെ 5 പ്രതികളും ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി
പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ സംഘത്തിലെ അംഗങ്ങളും ഉൾപ്പെടെ 5 പ്രതികളും ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി
ആലപ്പുഴ : നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ സംഘത്തിലെ അംഗങ്ങളും ഉൾപ്പെടെ 5 പ്രതികളും ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ കേസിൽ പെടുത്തിയതാണെന്നും, വേട്ടയാടിയെന്നും, പിണറായി വിജയന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെന്നും പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്.അനിൽകുമാർ മാധ്യമങ്ങളോടു പറഞ്ഞു. മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ അനുസരിച്ചാണ് പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായത്.
ഇന്നും നാളെയും പ്രതികൾ എസ്ഐടിക്കു മുന്നിൽ ഹാജരാകണമെന്നു കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. പിണറായി വിജയന്റെ ഗൺമാൻ എസ്.അനിൽ കുമാർ, സുരക്ഷാ സംഘാംഗങ്ങളായ എസ്.സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവരാണു പ്രതികൾ. ഇവരെ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ടു 4 വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്താൽ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വീണ്ടും എപ്പോൾ വേണമെങ്കിലും വിളിച്ചുവരുത്താൻ എസ്ഐടിക്ക് അനുമതിയുണ്ട്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസാണ് എസ്ഐടിയുടെ പ്രവർത്തന കേന്ദ്രം.
ചോദ്യം ചെയ്യലും അന്വേഷണവും പൂർത്തിയാക്കി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകുന്നതാണു കേസിന്റെ അടുത്ത ഘട്ടം. പ്രതികൾക്കെതിരെ നരഹത്യാശ്രമം (ഐപിസി 308) ചുമത്തിയിട്ടുള്ളതിനാൽ വിചാരണ സെഷൻസ് കോടതിയിലായിരിക്കും. ആലപ്പുഴയിൽ 3 അഡിഷനൽ സെഷൻസ് കോടതികളും ഒരു അഡിഷനൽ അസിസ്റ്റന്റ് സെഷൻസ് കോടതിയുമുണ്ട്.
