Connect with us

Crime

അലന്‍ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം

Published

on

കണ്ണൂര്‍ : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂര്‍ പാലയാട് കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എഎസ്എഫ്‌ഐ നേതാവുമായ അദിന്‍ സുബി നല്‍കിയ റാഗിംങ് പരാതി തെറ്റാണെന്നും അലന്‍, പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയത്.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോളേജില്‍ നടന്നത്. ബദറുദ്ദീന്‍ എന്ന വിദ്യാർത്ഥിയുമായി അദിന്‍ സുബി വഴക്കുണ്ടാക്കുന്നതും അലന്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ അങ്ങോട്ടെത്തുന്നതുമാണ് സിസിടിവിയില്‍ വ്യക്തമാകുന്നത്. അദിന്‍ സുബിയാണ് തര്‍ക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡോ. എസ് മിനിയുടെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ റാഗിംങ് വിരുദ്ധ കമ്മറ്റിയാണ് കുട്ടികളില്‍ നിന്നും മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റിപ്പോര്‍ട്ട് നല്‍കിയത്.
നവംബര്‍ 2 ന് കോളേജില്‍ കെഎസ് യു എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പൊലീസെത്തി. വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടു. പിറ്റേദിവസം അദിന്‍ സുബി എന്ന എസ് എഫ് ഐ നേതാവായ വിദ്യാര്‍ത്ഥി, അലനും ബദറുദ്ദീന്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കുമെതിരെ പൊലീസില്‍ റാഗിംങ് പരാതി നല്‍കി.
പരാതിയില്‍ പൊലീസ് കേസെടുത്ത് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇതിന് പിന്നാലെ പന്തീരങ്കാവ് യു എ പി എ കേസിലെ ജാമ്യവ്യവസ്ഥകള്‍ അലന്‍ ഷുഹൈബ് ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പൊലീസ് എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. ഇത് ലംഘിക്കപ്പെട്ടുവെന്നും അലന്‍ റാഗിംങ് കേസില്‍ അറസ്റ്റിലായെന്നും കാണിച്ചായിരുന്നു പൊലീസ് എന്‍ഐഎ കോടതിയിലെത്തിയത്.

Continue Reading