KERALA
ട്രെയ്‌ലറുകള്‍ ഒടുവില്‍ താമരശ്ശേരി ചുരം കയറി. ഗതാഗതം പുനസ്ഥാപിച്ചു

താമരശ്ശേരി: നെസ്ലെ കമ്പനിയുടെ നഞ്ചന്‍കോട്ടെ പഌന്റിലേക്കുള്ള കൂറ്റന്‍യന്ത്രങ്ങള്‍ വഹിച്ചുള്ള ട്രെയ്‌ലറുകള്‍ ഒടുവില്‍ താമരശ്ശേരി ചുരം കയറി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.56നാണ് ഇരുട്രെയിലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10 ഓടെ വയനാട് ഗേറ്റിലെത്തി.
വന്‍ വാഹനവ്യൂഹത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52നാണ് ട്രെയ്‌ലറുകള്‍ അടിവാരത്തുനിന്ന് പുറപ്പെട്ടത്. സ്റ്റാര്‍ട്ടിങ് മോട്ടോര്‍ തകരാര്‍ കാരണം മുന്നില്‍ നീങ്ങിയ ട്രെയ്‌ലര്‍ ഇടയ്ക്ക് നിന്നതിനാല്‍ തുടക്കത്തില്‍ യാത്രയ്ക്ക് അല്പം തടസ്സം നേരിട്ടു. വാഹനത്തിനുള്ളിലെ മെക്കാനിക്കിന്റെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിച്ചശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. രാത്രി 11.45ന് ഇരുവാഹനങ്ങളും ഒന്നാംവളവ് പിന്നിട്ടു. ഒരുമണിയോടെ എട്ടാം വളവിലെത്തി. ഇതിനിടെ വയനാട്ഭാഗത്തു നിന്നെത്തിയ മൂന്ന് ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കി. 1.10ഓടെ എട്ടാം വളവ് പിന്നിട്ടു. മുന്നിലുള്ള വാഹനത്തിന്റെ എന്‍ജിന്‍ ചൂടായതിനാല്‍ എട്ടാം വളവിനു മുകളില്‍ ട്രെയിലറുകള്‍ അല്പനേരം നിര്‍ത്തിയിട്ടു.
ഒന്നേ മുക്കാലോടെ ഒമ്പതാം വളവിലേക്ക് യാത്ര തുടര്‍ന്നു. ഒമ്പതാം വളവിനു താഴെ ടവര്‍ലൈനിനു മുകളിലായി വലതുവശത്ത് കൂറ്റന്‍പാറയുള്ള റോഡിന്റെ വീതികുറഞ്ഞ ഭാഗം ആശങ്ക ഉയര്‍ത്തിയെങ്കിലും ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പ്രയാസമില്ലാതെ ചുരത്തിലെ അവസാന വളവും പിന്നിട്ടു.
ചെന്നൈയില്‍നിന്ന് മൈസൂര്‍ നഞ്ചന്‍ഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍യന്ത്രങ്ങളുമായെത്തി മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിലറുകളാണ് ചുരം കടന്നത്. ട്രയിലറുകള്‍ പോകുന്നതിന്റെ ഭാഗമായി രാത്രി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.