Connect with us

KERALA

നിദയുടെ മരണ വിവരം അച്ഛന്‍ അറിയുന്നത് വിമാനത്താവളത്തിലെ ടിവിയില്‍ നിന്ന്.വാവിട്ടു കരഞ്ഞു നിദയുടെ  കൂട്ടുകാർ

Published

on

ആലപ്പുഴ :കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛന്‍ വിമാനത്താവളത്തിലെ ടിവിയില്‍ നിന്നാണ് പൊന്നോമനയുടെ മരണം അറിയുന്നത്.

ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ അച്ഛന്‍ ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് ഫോണ്‍ എത്തുകയായിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു വിളിയെത്തിയത്. തുടര്‍ന്ന് നാഗ്പൂരിലേക്ക് പോകാനായി ഉടന്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. വിമാനം കാത്തിരിക്കുമ്പോഴാണ് മകളുടെ മരണം ടിവിയില്‍ ബ്രേക്കിങ് ന്യൂസായി പോകുന്നത് കണ്ടത്. പൊന്നോമനയുടെ മരണം അറിഞ്ഞതോടെ ഷിഹാബുദ്ധീന്‍ പൊട്ടിക്കരഞ്ഞു.

നിദയുടെ അമ്മയും സഹോദരനും മരണവാര്‍ത്ത അറിഞ്ഞതും ടിവിയില്‍ നിന്നാണ്. മാതാവ് അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും ചാനല്‍ മാറ്റുന്നതിനിടെയാണ് മരണവിവരം അറിഞ്ഞത്. നിദ മരിക്കുന്ന സമയത്ത് മൈതാനത്തായിരുന്നു സഹ കളിക്കാര്‍. മൈതാനത്തെ ഫോട്ടോകള്‍ അവര്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇടുന്നുമുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് കുട്ടികള്‍ വാവിട്ടു കരഞ്ഞുപോയി.

ഞായറാഴ്ചയാണ് നിദയും സംഘവും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍നിന്നു പുറപ്പെട്ടത്. നാഗ്പുരിലെത്തിയശേഷവും മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഛര്‍ദ്ദിയും വയറുവേദയുംമൂലം നിദ പ്രയാസപ്പെടുന്നുവെന്നായിരുന്നു ഷിഹാബിനു ലഭിച്ച ആദ്യ വിവരം. അത്യാസന്ന നിലയിലാണെന്ന് പിന്നീടറിഞ്ഞപ്പോഴാണ് നാഗ്പുരിലേക്കു പുറപ്പെട്ടത്.

Continue Reading