Connect with us

Crime

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ അടൂര്‍ പ്രകാശിന് പങ്കില്ലെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നു പൊലീസിന്റെ സ്ഥിരീകരണം. കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളഞ്ഞു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം എന്ന ആദ്യനിഗമനത്തില്‍ തന്നെ ഉറച്ചു നിന്ന് കുറ്റപത്രം തയാറാക്കാനാണു തീരുമാനം.
തിരുവോണത്തിന്റെ തലേന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം 70 ശതമാനത്തിലേറെ പൂര്‍ത്തിയായി. രാഷ്ട്രീയ കൊലപാതകം എന്ന സിപിഎം ആരോപണം പൂര്‍ണമായും തള്ളിക്കളയുന്നില്ലങ്കിലും ഉന്നത ഗൂഡാലോചനക്ക് തെളിവൊന്നുമില്ലെന്നും പൊലീസ് ഉറപ്പിച്ചു.
അടൂര്‍ പ്രകാശ് എംപിക്ക് പങ്കെന്നത് ആരോപണം മാത്രമാണ്. മുഖ്യപ്രതികളില്‍ ചിലര്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചത് കോന്നിയിലേക്കാണങ്കിലും അത് അവരെ സഹായിച്ച കൂട്ടുപ്രതി ശ്രീജയുടെ വീട് അവിടെയായതിനാലാണ്. ഡി.കെ. മുരളി എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ടാണു സംഘര്‍ഷത്തിന്റെ തുടക്കമെന്ന കോണ്‍ഗ്രസ് ആരോപണവും തള്ളിക്കളഞ്ഞു. അതേസമയം പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലയിലെത്തിയത് എന്നതിനു ഫോണ്‍വിളികളടക്കം ഒട്ടേറെ തെളിവുകളുണ്ടെന്നു പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിലെ സംഘര്‍ഷമാണ് വൈരാഗ്യത്തിന്റെ തുടക്കം. പിന്നീട് പലതവണ ഇരുകൂട്ടരും ഏറ്റുമുട്ടി. ഏപ്രിലില്‍ ഡിവൈഎഫ്ഐക്കാരനായ ഫൈസലിനെ പ്രതികളുടെ സംഘം വെട്ടിയതോടെ വൈരാഗ്യം മൂര്‍ച്ഛിച്ചു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെ കൊലപാതകത്തിന്റെ ആസൂത്രണം തുടങ്ങിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രതികളും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരായതിനാല്‍ ചില വ്യക്തിവൈരാഗ്യങ്ങളും രാഷ്ട്രീയവൈര്യത്തിന് മൂര്‍ച്ചകൂട്ടിയിട്ടുണ്ടെന്നും പറയുന്നു. ഈ കണ്ടെത്തലുകളോടെ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകന്റെ നേതൃത്വത്തിലെ അന്വേഷണസംഘത്തിന്റെ തീരുമാനം.

Continue Reading