KERALA
മുതലമട പഞ്ചായത്തില്‍ സി.പി.എമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമാക്കിയത്

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തില്‍ സി.പി.എമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. പതിനൊന്നു പേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടുപേര്‍ എതിര്‍ത്തു.
സി.പി.എം ഒന്‍പത്, യു.ഡി.എഫ് ആറ്, ബി.ജെ.പി മൂന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ സി.പി.എമ്മിലെ ഒരംഗം രാജി വച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു.
സ്വതന്ത്ര അംഗങ്ങളായ കല്‍പനാദേവി, സാജുദ്ദീന്‍ എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്. ഇവരെ കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസ്സായത്. വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്നാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ച വരെ പാർട്ടി സസ്പെന്റ് ചെയ്തു. ബി. ജെ.പി മണ്ഡലം കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു.