Connect with us

KERALA

ഭൂമിയുടെ ന്യായവില  കുറയ്ക്കാന്‍ ആലോചന. ഇന്ധനനികുതിയിലെ ഇളവ് ഉണ്ടോയെന്ന് ഇന്നറിയാം

Published

on

തിരുവനന്തപുരം :ബജറ്റ് ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടിനല്‍കും. പ്രതിഷേധവും വിമര്‍ശനങ്ങളും ശമിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇതിലുണ്ടായേക്കും.
നികുതിവര്‍ധനയെച്ചൊല്ലിയുള്ള പ്രതിപക്ഷപ്രതിഷേധം വലിയ ചലനമുണ്ടാക്കിയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സര്‍ക്കാരിനുനേരെ ജനവികാരം സൃഷ്ടിക്കാന്‍ പ്രതിഷേധങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന അഭിപ്രായം മന്ത്രിമാര്‍ക്കിടയിലുമുണ്ട്.
ഇന്ധനവില കൂടുമ്പോള്‍ അത് മറ്റുസാധനങ്ങളുടെ വിലകൂടാന്‍ കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്. ബജറ്റ് സമ്മേളനം മാര്‍ച്ചുവരെയുള്ളതിനാല്‍ ഇന്ധനനികുതിയിലെ ഇളവ് അവസാനഘട്ടത്തില്‍ പ്രഖ്യാപിച്ചാല്‍മതിയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അപ്പോഴേക്കും പ്രതിഷേധം തണുത്ത് യഥാര്‍ഥ ജനവികാരം പ്രകടമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പ്രശ്‌നപരിഹാരമെന്നനിലയിലാണ് ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയത് കുറയ്ക്കാന്‍ ആലോചിക്കുന്നത്. ന്യായവില കുറയ്ക്കണമെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗംകൂടിയായ സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാര്‍ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്തുനിന്നുയര്‍ന്ന അഭിപ്രായം പരിഗണിച്ച്, ന്യായവില 10 ശതമാനം കുറയ്ക്കാനുള്ള പ്രഖ്യാപനം ധനമന്ത്രി നിയമസഭയില്‍ നടത്തിയേക്കും.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട് നിര്‍ണായകമാവും. ബജറ്റ് ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടിപറയുന്നതിനുമുമ്പ് നേതാക്കള്‍ തമ്മില്‍ കൂടിയാലോചന നടക്കും. സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ നിലപാടുകൂടി അറിഞ്ഞശേഷമായിരിക്കും ധനമന്ത്രി ഇളവുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുക.

Continue Reading