Crime
കാമുകന് സ്‌മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്‌ടു വിദ്യാർത്ഥിനി വീട്ടമ്മയെ തലയ്ക്കടിച്ച് സ്വർണമാല കവർന്നു

എറണാകുളം: കാമുകന് സ്‌മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്‌ടു വിദ്യാർത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർത്ഥിനി മോഷണശ്രമത്തിനിടെ ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം.
ജലജ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെൺകുട്ടി എത്തിയത്. തുടർന്ന് ജലജയുടെ തലയ്ക്ക് പിന്നിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു.പിന്നാലെ മാലയും കമ്മലും കവർന്ന് കടന്നുകളയുകയും ചെയ്തു. ഇതിനിടെ ജലജ നാട്ടുകാരോട് വിവരം പറയുകയും ഇവർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി വിദ്യാർത്ഥിനിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.