KERALA
പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭയിലേക്ക് എംഎല്‍എമാര്‍ നടന്ന് പ്രതിഷേധിച്ചു
തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭയിലേക്ക് എംഎല്‍എമാര്‍ കാല്‍നടയായി നടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ കറുത്ത ബാനറും പിടിച്ചായിരുന്നു നടത്തം.
‘സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഈ മാസം 13, 14 തിയതികളില്‍ രാപ്പകല്‍ സമരം നടത്തും. സംസ്ഥാന സര്‍ക്കാരിന്റേത് ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിര്‍ദേശങ്ങളാണ്. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും’ വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, സഭക്ക് അകത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭാ കവാടത്തില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹ പ്രതിഷേധവും തുടരുകയാണ്. പതിമൂന്നാം തീയതി സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ യു ഡി എഫ് രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി യോഗം ചേര്‍ന്ന് തുടര്‍ സമര പരിപാടികള്‍ക്കും രൂപം നല്‍കും.
