Crime
തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ ഓഫീസിൽ സംഘർഷം. കൊച്ചി മേയറെ തടയാനെത്തിയ യു ഡി എഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ ഓഫീസിൽ സംഘർഷം. കൊച്ചി മേയറെ തടയാനെത്തിയ യു ഡി എഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഉന്തും തള്ളിലും നിരവധി സമരക്കാർക്ക് പരിക്കേറ്റു. തുടർന്ന് പൊലീസ് വലയത്തിലാണ് മേയർ എം അനിൽകുമാർ ഓഫീസിന് അകത്തുകടന്നത്.
ഓഫീസിന്റെ ഷട്ടർ അടയ്ക്കാനുള്ള യു ഡി എഫ് ശ്രമം പൊലീസ് തടഞ്ഞു. കൗൺസിലർമാർ ഒഴികെയുള്ളവരെ ഓഫീസിൽ നിന്ന് പൊലീസ് പുറത്താക്കി. നഗരസഭ ഓഫീസിന് അകത്തും പുറത്തും സംഘർഷാവസ്ഥയാണ്. ഗേറ്റിന് പുറത്ത് സി പി എം പ്രവർത്തകർ പ്രതിരോധിക്കാനും ശ്രമിച്ചു. അടിയന്തര കൗൺസിൽ യോഗം നടക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത്. തുടർന്ന് യോഗം ചേർന്ന് പെട്ടെന്ന് പിരിഞ്ഞു. സമരക്കാർ മേയറുടെ ഓഫീസിന്റെ ചില്ല് തകർത്തു.