Crime
വിഷപുകയിൽ ഇടപെട്ട് കോടതി ജനങ്ങള്‍ നീറിപ്പുകയുകയാണ്; കുട്ടിക്കളിയല്ല; കരാര്‍ രേഖകള്‍ മുഴുവൻ കോടതിയില്‍ ഹാജരാക്കണം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായത് എന്നും കോടതി ചോദിച്ചു.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടര്‍ ഒന്നില്‍ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടര്‍ വ്യക്തമാക്കി.
ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. കരാര്‍ രേഖകള്‍ കോര്‍പ്പേറേഷന്‍ കോടതിയില്‍ ഹാജരാക്കാനും മാലിന്യ സംസ്‌കരണത്തിന് ഏഴുവര്‍ഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വായുനിലവാരത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ നാളെ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
മലിനീകരണനിയന്ത്രണബോര്‍ഡിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരെ എന്തുനടപടി സ്വികരിക്കുമെന്ന് കോടതി ബോര്‍ഡിനോട് ചോദിച്ചുപ്പോള്‍ കോര്‍പ്പറേഷനോട് നഷ്ടപരിഹാരം അടക്കമുള്ളവ ഈടാക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാല്‍ ജനം സഹിച്ചതിന് പരിഹാരമാകുമോയെന്നും കോടതി ചോദിച്ചു