Crime
വാളയാര്‍ കേസില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ പുനര്‍ വിചാരണ വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു

കൊച്ചി : വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍. വീണ്ടും വിചാരണ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വേണ്ടി വന്നാല്‍ തുടരന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു
കേസ് നേരത്തെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണച്ച കോടതി, നവംബര്‍ 9 ന് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്-4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ആദ്യ മരണത്തില്‍ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെ ഒക്ടോബര്‍ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്