Crime
ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അക്രമത്തിന് തൊട്ടുമുൻപുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സന്ദീപ് തന്നെയാണ് എടുത്തത്. എന്നാൽ ആർക്കാണ് ഇയാൾ ഇത് അയച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. വാട്സാപ്പിൽ വീഡിയോ അയച്ച ശേഷം അത് ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന.
പ്രതിയുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്.
ഫോണിൽ നിന്ന് ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവദിവസം പുലർച്ചെ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സന്ദീപ് മറ്റൊരു വീഡിയോ അയച്ചിരുന്നു. ‘ചിലർ എന്നെ കൊല്ലാൻ ശ്രമിക്കുന്നു’ എന്നായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അതിനുശേഷമാണ് ഇയാൾ താൻ അപകടത്തിൽപ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചത്.ബുധനാഴ്ച രാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്.