Crime
കൊണ്ടോട്ടിയിലെ ബിഹാർ സ്വദേശി മരണം ആൾക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ചു 8 പേർ അറസ്റ്റിൽ.

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിലെ ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയുടെ മരണം ആൾക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ചു 8 പേർ അറസ്റ്റിൽ. രാജേഷ് മാഞ്ചിയുടെ കൈകൾ പുറകിൽ കെട്ടി മരത്തിന്‍റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് മലപ്പുറ എസ്പി സുജിത് ദാസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും ആശുപത്രിയിലെത്തിക്കും മുൻപ് രാജേഷ് മരിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ബിഹാറിലെ ഈസ്റ്റ് ചെമ്പാറൻ ജില്ലയിലെ മാധവ്പുർ കേശോ സ്വദേശി സോന്ദാർ മാഞ്ചിയുടെ മകൻ രാജേഷ് മാഞ്ചി (36) ആണ് മരിച്ചത്. സംഭവസ്ഥലത്തിനു തൊട്ടടുത്തുള്ള അങ്ങാടിയിലെ കോഴിത്തീറ്റ ഗോഡൗണിൽ തൊഴിലാളിയായി കഴിഞ്ഞ ദിവസമാണ് ഇയാൾ എത്തിയത്.
കിഴിശേരിയിൽ തവനൂർ റോഡിലെ ഒന്നാം മൈലിലെ വീട്ടുമുറ്റത്തു നിന്നും പുലർച്ചെ ഒരു മണിയോടെ രാജേഷ് മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ ഇയാളെ പിടികൂടുന്നത്. 3.25 ന് പൊലീസ് വിവരമറിഞ്ഞ് സ്ഥാലത്തെത്തിയപ്പോൾ രാജേഷ് അവശനിലയിൽ റോഡിൽ കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുൻപേ തന്നെ ഇയാൽ മരിച്ചു. ശരീരത്തിന് അകത്തും പുറത്തും നിരവധി പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും അതാണ് മരണകാരണമെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.