Crime
അസഭ്യവർഷം നടത്തിയ ഗാന്ധിനഗർ എസ് ഐക്കെതിരെ കെ.എസ്.യുവിന്റെ പരാതി

അസഭ്യവർഷം നടത്തിയ ഗാന്ധിനഗർ എസ് ഐക്കെതിരെ കെ.എസ്.യുവിന്റെ പരാതി
കോട്ടയം: എം ജി സർവകലാശാല ആസ്ഥാനത്തേയ്ക്കുള്ള മാർച്ചിനിടയിൽ എസ് ഐ അസഭ്യവർഷം നടത്തിയെന്ന് കെ എസ് യുവിന്റെ പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ സത്യപാലിനെതിരെ ഡി ജി പിയ്ക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയ്ക്കുമാണ് കെ എസ് യു പരാതി നൽകിയത്. പ്രവർത്തകരുമായുള്ള വാക്കുതർക്കത്തിനിടെ എസ് ഐ തുടർച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എഴുതാത്ത സർട്ടിഫിക്കറ്റുകൾ എം ജി സർവകലാശാലയിൽ നിന്ന് കാണാതായ സംഭവത്തിലാണ് കെ എസ് യു മാർച്ച് നടത്തിയത്. ജാഥയായെത്തിയ കെ എസ് യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് ബ്ലോക്കിന് സമീപമെത്തി അടച്ചിട്ട ഗ്രില്ല് തുറക്കാൻ ശ്രമം തുടങ്ങി. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതു നീക്കുന്നതിനിടെയാണ് എസ് ഐ അസഭ്യവർഷം നടത്തിയത്. പ്രവർത്തകരെ ബസിൽ കയറ്റിയിട്ടും പിന്നാലെയെത്തി എസ് ഐ അസഭ്യം തുടർന്നു. മറ്റ് പൊലീസുകാർ എസ് ഐയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി ഇടപെട്ടാണ് എസ്ഐയെ സമീപത്തെ സെക്യൂരിറ്റി റൂമിലേയ്ക്കു മാറ്റിയത്.സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.