KERALA
സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്‌തേക്കും.കണ്ണൂരിലും ഇടുക്കിയിലും രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയില്‍ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാംപുകള്‍ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്കും അവധിയാണ്.
എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റം ഉണ്ടാകില്ല. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് കണ്ണൂരിലും ഇടുക്കിയിലും രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ഇരുവഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സികെ ഹുസൈന്‍ കുട്ടിക്കായി രാവിലെ മുതല്‍ തെരച്ചില്‍ തുടരും. തോട്ടപ്പള്ളിയില്‍ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായും തെരച്ചില്‍ തുടരും. മലയോരമേഖകളില്‍ ഉള്ളവരും തീരദേശവാസികളും അതീവ്ര ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.