Connect with us

KERALA

ശമനമില്ലാതെ മഴ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി. എറണാകുളത്ത് കടലാക്രമണം രൂക്ഷം, കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളംകയറി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി. എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളംകയറി. ശക്തമായ മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ ഉള്‍പ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി. മലപ്പുറം വളാഞ്ചേരി കാട്ടിപ്പരത്തി റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി പാടത്ത് മടവീണു. വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കിഴക്ക് നിന്ന് പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തോട്ടപ്പള്ളിയില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിച്ച് ജലനിരപ്പ് ക്രമപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളംകയറി. ഇത് വാഹനഗതാഗതത്തെ ബാധിച്ചു. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. തിരുവല്ല- പത്തനംതിട്ട റോഡില്‍ മൂന്നിടത്താണ് വെള്ളക്കെട്ട് ഉള്ളത്. റാന്നി പ്ലാങ്കമണ്ണില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കൊടിയത്തൂര്‍ ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ പുഴകര കവിഞ്ഞു. പുഴങ്കുനി പട്ടികവര്‍ഗ കോളനി ഒറ്റപ്പെട്ടു. കോളനിയിലെ ഏഴു കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പുഴയോര പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കമ്പളക്കാടില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം താമസിക്കുന്ന പഞ്ചാര ഉമ്മറിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. സമീപവാസി ചൂലപ്പറമ്പന്‍ സൈനബയുടെ വീട്ടിലേക്കാണ് ഭിത്തിയുടെ ഭാഗം മറിഞ്ഞത്. വീടിനു നാശനഷ്ടമുണ്ടായി. ആര്‍ക്കും പരിക്കില്ല. സംരക്ഷണഭിത്ത് തകര്‍ന്നതോടെ ഉമ്മറിന്റെ വീടും അപകട ഭീഷണിയിലായി.
കല്‍പറ്റ നഗരസഭയിലെ ഒന്നാം ഡിവിഷനില്‍ ബാവാടി ഹെല്‍ത്ത് സെന്ററിനു സമീപം വീടിന്റെ സംരക്ഷണ ഭിത്തി റോഡിലേക്ക് മറിഞ്ഞു. തരുവണ കട്ടയാടില്‍ അറക്കക്കളത്തില്‍ ആലിയുടെ വീട്ടുമുറ്റത്തെ കിണര്‍ ആള്‍മറയടക്കം താഴ്ന്നു

കണ്ണൂര്‍ കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ രാമവര്‍മപുരത്ത് വന്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് നാലുപോസ്റ്റുകള്‍ തകര്‍ന്നു. ദേശീയപാതയിലെ കുതിരാനില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. കസ്റ്റഡിയിലെടുത്ത എട്ടുവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊല്ലത്ത് കടലാക്രമണ രൂക്ഷമായി തുടരുകയാണ്.

കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. േ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ദേശീയ പാതയിൽ ഗതാഗതം നീലേശ്വരം. ചെറുവത്തൂർ വഴി തിരിച്ച് വിട്ടിരിക്കുകയാണ്. വെള്ളരിക്കുണ്ട് പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞതും ഗതാഗതത്തെ ബാധിച്ചു. അതേസമയം കോട്ടയത്ത് മഴ കുറഞ്ഞതോടെ, മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് കുറഞ്ഞു.

Continue Reading