KERALA
കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ. വ്യാപകകൃഷിനാശം

കണ്ണൂർ: കണ്ണൂർ കാപ്പിമലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾപൊട്ടിയത്. കാസർഗോഡ് വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. 61 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം മാത്രം 17 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതോടെ ഗതാഗതം തടസപ്പെട്ടു.
പത്തനംതിട്ടയിൽ പമ്പ കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇരവിപേരൂർ ജംഗ്ഷനിൽ വെള്ളം കയറി. ആലപ്പുഴ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു. വല്ലത്തായിപ്പാറ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി.
കോട്ടയം-കുമരകം-ചേർത്തല റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കുമരകം,തിുവാർപ്പ്,അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. മീനച്ചീലാർ കരകവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മീനച്ചീലാറ്റിലെ നീലിമംഗലം, പേരൂർ, നാഗമ്പടം, തിരുവാർപ്പ്, കുമരകം എന്നിവടങ്ങളിലെ ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകടനിരപ്പിനും മുകളിലെത്തി.