Crime
നിയമസഭാ കയ്യാങ്കളിക്കേസിൽ തുടർ അന്വേഷണത്തിന് ഉപാധികളോടെ കോടതിയുടെ അനുമതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടർ അന്വേഷണത്തിന് കോടതിയുടെ അനുമതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉപാധികളോടെ
അനുമതി നൽകിയത്. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിന്റെ വിചാരണ തീയതി നിശ്ചയിച്ച് തുടർ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ അപേക്ഷ നൽകിയത്. തുടർ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുംവരെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു
. മന്ത്രി ശിവൻകുട്ടിയടക്കമുള്ള എൽ ഡി എഫ് നേതാക്കളാണ് കേസിലെ പ്രതികൾ.2015 മാർച്ച് 13ന് കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നതിനായി കോടതി ചേർന്നപ്പോഴാണ് പുനഃരന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്