Connect with us

Crime

സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറയ്ക്കുവാനായി മറ്റുള്ളവരുടെ മുകളില്‍ ഏണിചാരുന്നതുപോലുള്ള കാര്യമാണ് നടക്കുന്നത്.കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തന്നെ തെളിയിക്കട്ടെ

Published

on

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തന്നെ തെളിയിക്കട്ടെയെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറയ്ക്കുവാനായി മറ്റുള്ളവരുടെ മുകളില്‍ ഏണിചാരുന്നതുപോലുള്ള കാര്യമാണ് നടക്കുന്നത്. ഭരണത്തിലിരിക്കുന്ന മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കണം. ഈ വര്‍ഷം പത്താമത്തെ അപകടമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തണമെന്നും . ഫാ. യൂജിന്‍ പെരേര പറഞ്ഞു.

പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്. എന്നാല്‍, ഇന്ന് ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നത്. കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണം ഉന്നയിച്ചവര്‍ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരം ഇടപെടലുകളുടെ ഭാഗമായി വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് 140 കേസുകളുണ്ട്. ഇത് 141-ാമത്തെ കേസാണ്. മറ്റൊരു കേസും എന്റെ പേരിലില്ല. ചില ആളുകളെ നിശബ്ദരാക്കുന്നതിനായി ആസൂത്രിതമായി നടത്തുന്ന പടപ്പുറപ്പാടാണിത്. ഇതിലൊന്നും നമ്മള്‍ വീണുപോകില്ല’, ഫാ. യൂജിന്‍ പെരേര പറഞ്ഞു.

മന്ത്രിമാരെ തടഞ്ഞെന്നും കലാപാഹ്വാനം നടത്തിയെന്നും കാണിച്ച് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ അഞ്ചുതെങ്ങ് പോലീസാണ് കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് കേസ്.മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവരെ തടഞ്ഞു. കലാപം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ ‘അവരെ പിടിച്ചിറക്കടാ’ എന്ന് ആക്രോശിച്ചു, ക്രിസ്തീയ സഭാ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ്  എഫ്.ഐ.ആറിൽ പറയുന്നത്.

Continue Reading