KERALA
പിതൃപുണ്യം തേടി ആയിരങ്ങൾ . ആലുവ മണപ്പുറത്ത് ബലി തർപ്പണം പുലർച്ചെ ഒരു മണി മുതൽ ആരംഭിച്ചു.
തിരുവനന്തപുരം: കർക്കിടക വാവുബലിക്ക് പിതൃപുണ്യം തേടി ആയിരങ്ങൾ . ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.
ഓഗസ്റ്റ് 15, 16 തീയതികളിൽ കർക്കിടക അമാവാസി വരുന്നുണ്ടെങ്കിലും മാസത്തിലെ ആദ്യത്തെ അമാവാസിയാണ് ബലിതർപ്പണങ്ങൾക്ക് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും.
ആലുവ മണപ്പുറത്ത് ബലി തർപ്പണം പുലർച്ചെ ഒരു മണി മുതൽ ആരംഭിച്ചു. ആയിരങ്ങളാണ് ബലി അർപ്പിക്കാനായി കാത്തു നിൽക്കുന്നത്. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഭക്തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്.
രാമായണ മാസാരംഭംകൂടിയാണിന്ന്. വിശ്വാസികൾ വീടുകളിലും ക്ഷേത്രങ്ങളിലും ഇന്ന് മുതൽ കർക്കിടകമാസം അവസാനിക്കും വരെ അതായത് ഓഗസ്റ്റ് 16 വരെ രാമായണ പാരായണം നടത്തും.
