Crime
വീണ വിജയന്റെ ലോക്കർ ഇ.ഡി പരിശോധിക്കുന്നു.എച്ച്‌ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന
തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) പരിശോധിക്കുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിനിടെ വീണ ഇ.ഡി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കർ പരിശോധിക്കുന്നത്. കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്.
സി.എം.ആർ.എൽ കമ്പനിയുമായുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളിൽ എക്‌സാലോജിക് സൊല്യൂഷൻസ് ഉടമയും പിണറായി വിജയന്റെ മകളുമായ വീണാ വിജയനെ ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടപടികൾക്കുശേഷമാണ് വിട്ടയച്ചത്. രാവിലെ 11നാരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറോടെയാണ് അവസാനിച്ചത്. മൂന്നുതവണ ഇടവേള നൽകി. രേഖപ്പെടുത്തിയ മറുപടികൾ വായിച്ചു കേട്ടശേഷം നടപടികൾ പൂർത്തിയാക്കി രാത്രി 7.52ന് വീണ പുറത്തെത്തി.
A
സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ പ്രതിഫലം കൈപ്പറ്റിയത് സോഫ്‌റ്റ്‌വെയർ പരിപാലന സേവനങ്ങൾ നൽകിയതിനാണെന്ന് വീണ മറുപടി നൽകിയെന്നാണ് സൂചന. കമ്പനി പൂട്ടിയതിനാൽ സേവനങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ കൈവശമില്ലെന്നും പറഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ എവിടെ നിന്നെല്ലാം പണം ലഭിച്ചു, എങ്ങനെ ചെലവഴിച്ചു തുടങ്ങിയവയിൽ വിശദീകരണം ആവശ്യപ്പെട്ടു. പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിവരമുണ്ട്. ഇ.ഡിയുടെ രണ്ടാമത്തെ സമൻസിൽ കടവന്ത്രയിലെ ഓഫീസിലാണ് വീണ ഹാജരായത്.
