Connect with us

Crime

ആന്റണി രാജുവിന് ആശ്വാസം തൊണ്ടിമുതല്‍ കേസില്‍ സുപ്രീം കോടതിയുടെ സ്റ്റേ.

Published

on

ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ സുപ്രീം കോടതിയുടെ സ്റ്റേ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന പുനരന്വേഷണമാണ് സുപ്രീംകോടതി സ്റ്റേചെയ്തത്.. പുനരന്വേഷണം നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

പുനരന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആന്റണി രാജുവിനെതിരായ കുറ്റപത്രം റദ്ദാക്കിയതിനെതിരെ അജയന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസുകള്‍ക്ക് ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍. റദ്ദാക്കിയതെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് പ്രതികള്‍.

Continue Reading