Crime
ഡി കെ ശിവകുമാറിന് ആശ്വാസം. സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിനെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. കേസില്‍ സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സി ടി രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. അന്തിമ വിധിക്കായി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചത്.
സ്റ്റേയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി സിബിഐയ്ക്ക് മുന്‍പിലുള്ള കേസ് വേഗത്തില്‍ തീര്‍ക്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷിക്കാമെന്നും അറിയിച്ചു. ശിവകുമാറിനെതിരായ അഴിമതി കേസില്‍ സിബിഐ നടപടികള്‍ ഫെബ്രുവരി 10ന് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശിവകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2020ലേതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കഴിഞ്ഞ രണ്ട് വര്‍ഷത്തെ അന്വേഷണ പുരോഗതി സിബിഐയോട് ആരാഞ്ഞു.