Crime
തന്റെ സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാം . വീണ വിജയന്റെ ആദായ നികുതി രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്ന് കുഴൽ നാടന്റെ വെല്ലുവിളി

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും അദ്ദേഹം തള്ളി. അതോടൊപ്പം ആദായനികുതി രേഖകൾ പുറത്തുവിടുകയും ചെയ്‌തു. ഇത്തരത്തിലുള്ള തനിക്കെതിരെ സി പി എം ആരോപണം ഉന്നയിക്കുന്നത് അദ്ധ്വാനത്തിന്റെ വില അറിയാത്തതിനാലാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അഭിഭാഷക സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ‘രക്തം ചിന്തിയാലും വിയർപ്പൊഴിക്കില്ലെന്ന് പറയും. എന്നുവച്ചാൽ സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കുന്നവരല്ലെന്ന്. എത്രയോ രാത്രികളിൽ ഉറങ്ങാതെയാണ് എനിക്ക് എന്റെ അഭിഭാഷകവൃത്തി മുന്നോട്ടുകൊണ്ടുപോകാനായത്. പുതിയ സ്റ്റൈലിന് വേണ്ടി പാന്റും ഷർട്ടുമിട്ട് നടക്കുന്ന എം എൽ എയാണ് ഞാനെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. എത്രയോ ദിവസങ്ങളിൽ കോടതിയിൽ നിന്ന് ഇറങ്ങി ഓടി, കോട്ടും ഗൗണും ഊരി കാറിൽവച്ച്,ഖദറുമിട്ട് പ്രസംഗിക്കാൻ പോയിട്ടുണ്ട്. എത്ര യോഗങ്ങളിൽ പ്രസംഗിച്ച് ഓടിക്കിതച്ച് കാറിൽക്കയറി കോട്ടും ഗൗണും ഇട്ട് കോടതിയിൽ പോയി വാദിച്ചിട്ടുണ്ട്.’-അദ്ദേഹം പറഞ്ഞു.തന്റെ സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാമെന്ന് പറഞ്ഞ അദ്ദേഹം വീണ വിജയന്റെ ആദായ നികുതി രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും ചോദിച്ചു. വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എക്‌സോലോജിക് സ്ഥാപനത്തിന്റെ രേഖകളുടെ പരിശോധനയ്ക്ക് തയ്യാറുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.ഭൂമി വാങ്ങിയതിൽ തട്ടിപ്പില്ലെന്നും, ആധാരമടക്കം പരിശോധിക്കാമെന്നും കുഴൽ നാടൻ പറഞ്ഞു.