Connect with us

KERALA

യു.ഡി.എഫ്. മികച്ച വിജയം നേടുമെന്നു ചാണ്ടി ഉമ്മൻ മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെ വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്ന് ജയ്ക്ക്

Published

on

പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍.
കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടിയ്‌ക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതുപ്പള്ളി പള്ളിയില്‍ എത്തി പ്രാര്‍ഥനകള്‍ക്കും വിവിധ ബൂത്തുകളിലെ സന്ദര്‍ശനത്തിനും ശേഷം 9.30 ഓടെയാണ് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ ചാണ്ടി ഉമ്മന്‍ വോട്ടുരേഖപ്പെടുത്താന്‍ എത്തിയത്. പിതാവ് ഒപ്പമില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പെന്ന നിലയില്‍ സ്വാഭാവികമായും അതിന്റെ വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാനുള്ള ജനങ്ങളുടെ താത്പര്യം ജനാധിപത്യവിശ്വാസികള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ്. ഞങ്ങള്‍ക്ക് ആഹ്ലാദമാണ്, മറ്റാര്‍ക്കൊക്കെ ഉണ്ട്, ഇല്ല എന്നറിയില്ല. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനം എല്ലാ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാവും. അത് ഈ തിരഞ്ഞെടുപ്പിലുമുണ്ട്. യു.ഡി.എഫ്. മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കണിയാകുന്ന് എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തിയാണ് ജെയ്ക് സി. തോമസ് വോട്ടുചെയ്തത്. പിതാവിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ചശേഷമായിരുന്നു ജെയ്ക് വോട്ടുചെയ്യാനെത്തിയത്. 8.50 ഓടെയാണ് ജെയ്ക് വോട്ടുരേഖപ്പെടുത്തിയത്.

മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്ന് വോട്ടുചെയ്ത ശേഷം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു. വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനം. വികസനത്തേയും പുതുപ്പള്ളിയുടെ ജീവിതപ്രശ്‌നങ്ങളേയും സംബന്ധിച്ചാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading