Crime
ഗ്രോ വാസുവിനെ കോടതി വെറുതേ വിട്ടു.മാവോയിസ്റ്റ് നേതാക്കളെ വെടിവച്ച് കൊന്നതിനെതിരെ പ്രതിഷേധിച്ച കേസിൽ ജൂലായ് 29നാണ് വാസുവിനെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ (94) കോടതി വെറുതേ വിട്ടു. കുന്ദമംഗലം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നതിനെതിരെ കോഴിക്കോട് മെഡി. കോളേജ് മോർച്ചറിക്ക് മുമ്പിൽ പ്രതിഷേധിച്ച കേസിൽ ജൂലായ് 29നാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട നടപടികൾ പലവട്ടം ഉണ്ടായെങ്കിലും കോടതി നടപടികളോട് അദ്ദേഹം സഹകരിച്ചിരുന്നില്ല. അറസ്റ്റുചെയ്ത് ഹാജരാക്കിയപ്പോൾ ജാമ്യമെടുക്കാനോ കുറ്റം സമ്മതിച്ച് തീർപ്പാക്കാനോ തയ്യാറാവാത്തതിനാലാണ് ജയിലിലടച്ചത്.2016ൽ നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് മോർച്ചറിക്കുമുന്നിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളേജ് പൊലീസെടുത്ത കേസിലായിരുന്നു അറസ്റ്റ്. സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് കോടതി നൽകിയ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പിഴ അടക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു വാസുവിന്റെ നിലപാട്. തനിക്കെതിരെ കേസ് എടുത്തതുതന്നെ തെറ്റാണ് എന്നാണ് വാസു വ്യക്തമാക്കിയിരുന്നത്.
അദ്ദേഹം ആൾക്കൂട്ടത്തോട് സംസാരിക്കുന്നത് തടയാൻ പൊലീസ് തൊപ്പികൊണ്ട് മുഖം മറച്ച് ജീപ്പിലേയ്ക്ക് തള്ളിക്കയറ്റിയതിനും മുദ്രാവാക്യം വിളിക്കുന്നത് ബലംപ്രയോഗിച്ച് തടഞ്ഞതും ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. അദ്ദേഹത്തിനെതിരായുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആൾമാറാട്ടവും വ്യാജരേഖാ നിർമ്മാണവും നടത്തുന്ന സി പി എം ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് വന്ദ്യവയോധികനോട് പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത് എന്ന് വി ഡി സതീശൻ രൂക്ഷവിമർശനം നടത്തുകയും ചെയ്തിരുന്നു.