Connect with us

KERALA

മകന്റെ ബിജെപി പ്രവേശനത്തോടെ ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറിയെന്നും ആ  പാർട്ടിയെ അംഗീകരിക്കാൻ കഴിഞ്ഞുവെന്നും എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി

Published

on

തിരുവനന്തപുരം: മകൻ  അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറിയെന്നും ആ  പാർട്ടിയെ അംഗീകരിക്കാൻ കഴിഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. മകനെ കോൺഗ്രസിലേക്ക്  തിരികെ കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ലെന്നും ബിജെപിയിൽ കൂടുതൽ അവസരങ്ങൾ അനിലിന് കിട്ടുമെന്നും എലിസബത്ത് പറഞ്ഞു. ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കുന്നു.

കൃപാസനം ധ്യാനകേന്ദ്രം  പുറത്തു വിട്ട യൂട്യൂബ് വീഡിയോയിലാണ് എ കെ ആന്റണിയുടെ രോഗം മാറിയതും അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെപറ്റിയും എലിസബത്ത് വ്യക്തമാക്കിയത്. കൃപാസനത്തിൽ പ്രാർത്ഥനയിൽ പങ്കുകൊണ്ട ശേഷം ഇതൊക്കെ നടന്നതെന്നും എലിസബത്ത് സാക്ഷ്യപ്പെടുത്തുന്നു.

ബിജെപിയിൽ ചേർന്നാൽ മകന് വലിയ അവസരങ്ങൾ ലഭിക്കുമെന്ന് പറഞ്ഞു. ബിജെപി തങ്ങൾ വിശ്വസിച്ചിരുന്ന പാർട്ടിക്ക് വിരുദ്ധമായിരുന്നതിനാൽ ധ്യാന കേന്ദ്രത്തിൽ എത്തി പ്രാർത്ഥിച്ചു.

ധ്യാന കേന്ദ്രത്തിലെ വൈദീകൻ പ്രാർത്ഥിച്ച ശേഷം മകനെ കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടു വരണ്ട  എന്ന് പറഞ്ഞെന്നും അവിടെ വലിയ ഭാവിയുണ്ടെന്നും പറഞ്ഞു. ഇതോടെ ബിജെപിയോടുള്ള  എല്ലാ എതിർപ്പും തനിക്കും ഇല്ലാതായെന്നും എലിസബത്ത് പറയുന്നു.

മകന്റെ തീരുമാനം എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നു. എന്നാൽ ഇപ്പോൾ മകനോട് പ്രശ്നമില്ല. വീട്ടിൽ എത്തിയ മകനെ ആന്റണിയടക്കം മറ്റു കുടുംബാംഗങ്ങൾ സ്വീകരിച്ചുവെന്നും എലിസബത്ത് വ്യക്തമാക്കി.

ആന്റണിക്കും തനിക്കും കോ വിഡ് ബാധിച്ചതിന് പിന്നാലെ രോഗം ഗുരുതരമായെന്നും ഇതിൽ നിന്നും മുക്തി ലഭിച്ചത് കൃപാസനത്തിലെ പ്രാർത്ഥന മൂലമാണെന്നും എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്. ഭർത്താവ് ദൈവ വിശ്വാസിയല്ല.

രോഗത്തെ തുടർന്ന് ആത്മ വിശ്വാസം നഷ്ടപ്പെട്ട എ കെ ആന്റണി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. എന്നാൽ തന്റെ പ്രാർത്ഥനയുടെ ബലത്തിൽ അദേഹത്തിന് ആത്മവിശ്വാസം തിരിച്ചു കിട്ടി.

Continue Reading