Crime
ബിനീഷിന്റെ കോടിയേരിയിൽ റെയ്ഡ് തുടങ്ങി. ബിനീഷിന്റെ ധർമ്മടത്തെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ്

തിരുവനന്തപുരം: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി.) ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിൽ പരിശോധനയ്ക്കെത്തി. കേസിൽ ഇ.ഡി. അറസ്റ്റുചെയ്തിട്ടുള്ള ബിനീഷിന്റെ പേരിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് റെയ്ഡ്.
ഇതിനിടെ ബിനീഷിന്റെ സുഹൃത്തും ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായ അനസ് ബാബുവിന്റെ വീട്ടിലും ഇഡി റെയ്ഡ് ആരംഭിച്ചു ധർമ്മടം ബോട്ട് ജെട്ടിക്ക് സമീപത്തെ അനസിന്റെ വീട്ടിലാണ് റയ് ഡ് നടത്തുന്നത്. നേരത്തെ അനസിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. താക്കോൽ കിട്ടാത്തതിനാൽ അകത്ത് കയറാനും കഴിഞ്ഞില്ല. തുടർന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്. 15 സി.ആർ.പി.എഫ് ജവാൻമാരുടെ സുരക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ ആർക്കും വീടിനടുത്തേക്ക് പ്രവേശനവുമില്ല.
ബിനീഷുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുക എന്നതാണ് പ്രധാനമായും ഇ.ഡി. റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. ബിനീഷിനെ ചോദ്യം ചെയ്തതിൽ വലിയ രീതിയിലുള്ള പണം ബിനീഷിന്റെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇതിന്റെയൊന്നും ഉറവിടം വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടുമില്ല. മാത്രമല്ല, ആദായ നികുതി അടച്ചതിലും വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
2012-19 കാലയളവിൽ ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി. എന്നീ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപമായെത്തിയത് അഞ്ചു കോടി രൂപയിലേറെയാണ്. എന്നാൽ, ആദായനികുതി വകുപ്പിന് സമർപ്പിച്ച റിട്ടേണും നിക്ഷേപവും തമ്മിൽ വലിയ അന്തരമുണ്ട്