KERALA
സി ബി ഐ യെ വിലക്കി സംസ്ഥാന സർക്കാർ. അനുമതിയില്ലാതെ ഇനി കേസ് എടുക്കാനാകില്ല

തിരുവനന്തപുരം: കേസുകൾ അന്വേഷിക്കാൻ സിബിഐയ്‌ക്ക് പൊതുഅനുമതി നൽകിയ തീരുമാനം കേരളം പിൻവലിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 2017ൽ എൽ.ഡി.എഫ് സർക്കാർ തന്നെ നൽകിയ പൊതുഅനുമതിയാണ് ഇപ്പോൾ റദ്ദാക്കിയത്. സിബിഐയ‌്ക്ക് സ്വന്തം നിലയ്‌ക്ക് കേസെടുക്കാൻ ഇതുവരെ സർക്കാരിന്റെ അനുമതി ആവശ്യമില്ലായിരുന്നു. എന്നാൽ രാഷ്‌ട്രീയ പ്രേരിതമായി പല കേസുകളിലും സിബിഐ ഇടപെടുന്നുവെന്ന സിപിഎമ്മിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എം.എൽ.എയുടെ പരാതിയിൽ സിബിഐ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കോടതിയുടെ നിർദേശപ്രകാരമോ സർക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെയായിരുന്നു ഇത്. സർക്കാരിനെ ഏറെ പ്രകോപിപ്പിച്ച നടപടിയായിരുന്നു ഇത്. തുടർന്നാണ് സി.ബി.ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയത്.